ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ കരുണാപുരം വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കരുണാപുരം ഗ്രാമപഞ്ചായത്ത്. 53.21 ചതുരശ്രകിലോമീറ്റര്‍  വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് നെടുങ്കണ്ടം പഞ്ചായത്ത്, കിഴക്ക് തമിഴ്നാട് സംസ്ഥാന അതിര്‍ത്തി, തെക്ക് വണ്ടന്‍മേട് പഞ്ചായത്ത്, പടിഞ്ഞാറ് പാമ്പാടുംപാറ പഞ്ചായത്ത് എന്നിവയാണ്. ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ കരുണാപുരം 1976-ലാണ് രൂപീകൃതമായത്. കരുണാപുരത്തിന് ആദ്യകാലത്ത് പള്ളിമുക്ക് എന്നായിരുന്നു പേര്. അവിടെ അന്നുണ്ടായിരുന്ന പ്രധാന സ്ഥാപനം കത്തോലിക്കാ പള്ളിയായിരുന്നു. പള്ളിയോട് അനുബന്ധിച്ച് ഒരു ആര്‍ട്സ് ക്ലബ് രൂപീകരിച്ചപ്പോള്‍ വികാരി ഫാ.ജെ.റ്റി.ഊന്നുകല്ലില്‍ നിര്‍ദ്ദേശിച്ച പേരാണ് കരുണാപുരം. പിന്നീട് ഇത് പഞ്ചായത്തിന്റെ തന്നെ പേരായിത്തീര്‍ന്നു. കരുണാപുരം പഞ്ചായത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നു എങ്കിലും ഇവിടുത്തെ ജനങ്ങളില്‍ അധികവും കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കുടിയേറിയവരാണ്. ജനവിഭാഗത്തില്‍ ഏതാനും തമിഴ്കുടുംബങ്ങളുമുള്‍പ്പെടുന്നു. പഴയ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ഉടുമ്പന്‍ചോല താലൂക്കിലെ വണ്ടന്മേട് പഞ്ചായത്തിന്റെ ഭാഗങ്ങളായിരുന്നു  പാമ്പാടുംപാറ പഞ്ചായത്ത്. പാമ്പാടുംപാറ പഞ്ചായത്ത് വിഭജിച്ചാണ് ഇന്നത്തെ കരുണാപുരം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്. 1976-ല്‍ ആണ് കരുണാപുരം പഞ്ചായത്ത് രൂപീകരിക്കാന്‍ തീരുമാനമായത്. ഇടുക്കി ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയുടെ ഏതാണ്ട് മദ്ധ്യ ഭാഗം ചേര്‍ന്നാണ്  പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കിഴക്കേ അതിര്‍ത്തിയില്‍ തെക്കു വടക്കായി ഇടമുറിയാത്ത ഉയര്‍ന്ന മല നിരകള്‍ കൈകോര്‍ത്തു നില്‍ക്കുന്നു. കൊച്ചറയാറും, ആമയാറും പഞ്ചായത്തിനെ മൂന്ന് ഭൂവിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ഒഴുകുന്നത്. 2000 കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി ചില ചരിത്രാവശിഷ്ടങ്ങള്‍ ചൂണ്ടി കാണിക്കുന്നു. ബുദ്ധമത സംസ്കാരവുമായി ബന്ധപ്പെട്ട ഒരു കാലഘട്ടത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മരിച്ചവരെ അടക്കം ചെയ്യുന്ന അന്നത്തെ രീതിയില്‍ ശവശരീരത്തിനൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഭരണികളില്‍ നിക്ഷേപിച്ചിരുന്നു. ഇവിടങ്ങളില്‍ നിന്ന് ശിലായുഗ മനുഷ്യര്‍ ഉപയോഗിച്ചിരുന്നതായി അനുമാനിക്കുന്ന കല്ലുളികളും ലഭിച്ചിട്ടുണ്ട്. കുടിയേറ്റശ്രമങ്ങളിലൂടെ വ്യത്യസ്ത സംസ്ക്കാരവും ജീവിത വീക്ഷണങ്ങളുമുള്ള ഒരു ജനസഞ്ചയം ഇവിടെ രൂപപ്പെടുകയും പടിപടിയായി വിപുലീകരിക്കപ്പെടുകയും ചെയ്തു.